ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐ.ഐ.ടി

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐ.ഐ.ടി. ആഭ്യന്തര അന്വേഷണം അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍ നിലപാട് അറിയിച്ചു.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നിലവില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാല്‍ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഐഐടിയുടെ നിലപാട്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
അതേസമയം സമരം ശക്തമാക്കാന്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. ഐ.ഐ.ടി അധികൃതരുടെ നിലപാടുകള്‍ക്കെതിരെ നാളെ സംയുക്ത സമരം നടത്തും. എ.ബി.വി.പിയും എ.ഐ.ഡി.എം.കെയുടെ വിദ്യാര്‍ത്ഥി സംഘടനയും ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെത്തെ സംയുക്ത സമരത്തില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരവും തുടങ്ങിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിന്‍ ജോസഫ്, തൃശൂര്‍ സ്വദേശി അസര്‍ മൊയ്ദീന്‍ എന്നിവരാണ് ആദ്യ ഘട്ടത്തില്‍ നിരാഹാര സമരം ചെയ്യുന്നത്.
ഇതിനിടെ തമിഴ്നാട്ടിലെ കോളജ് വിദ്യാര്‍ഥികളും ഐഐടി വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ വള്ളുവര്‍ക്കോട്ടത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തും. എസ്‌എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും ഐഐടി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.





