India
HomeNews

പൗരത്വ ഭേദഗതി: ജാമിയ മിലിയയില്‍ വീണ്ടും പ്രതിഷേധം; യുപിയില്‍ മരണം 15 ആയി..

21 Dec 20191 മിനിറ്റ് വായന
പൗരത്വ ഭേദഗതി: ജാമിയ മിലിയയില്‍ വീണ്ടും പ്രതിഷേധം; യുപിയില്‍ മരണം 15 ആയി..

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലും ശനിയാഴ്ചയും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലെ പ്രതിഷേധപ്രകടനം അക്രമത്തിലേക്ക് വഴിമാറിയതോടെ പോലീസും സമരക്കാരും ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ ലഖ്‌നൗ,രാംപുര്‍ തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഒരിടത്തും പോലീസ് വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരിൽ എട്ട് വയസുകാരനുമുണ്ട്. മീററ്റിലും ബിജ്നോറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബീഹാറിൽ ബന്ദിനിടെ ചില സ്ഥലങ്ങളിൽ അക്രമം നടന്നു. മധ്യപ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത തുടരുകയാണ്.

ബിഹാറില്‍ നടന്ന ബന്ദ് പൂര്‍ണമായിരുന്നു. ആര്‍ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ മിക്കയിടത്തും ഗതാഗതം തടസപ്പെട്ടു. ആര്‍ജെഡി പ്രവര്‍ത്തകരുടെ മാര്‍ച്ചുകള്‍ പലയിടത്തും അക്രമാസക്തമായി. വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരേ കല്ലേറുണ്ടായി. ചിലയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞത് ട്രെയിന്‍ ഗതാഗതവും താറുമാറാക്കി.

ഡല്‍ഹിയില്‍ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ജാമിയ മിലിയ ക്യാമ്ബസിന് പുറത്ത് ശനിയാഴ്ചയും പ്രതിഷേധങ്ങള്‍ അരങ്ങേറി. ഉച്ചയ്ക്ക് ശേഷം ജാമിയക്ക് സമീപത്തേക്ക് നിരവധി പേരാണ് സംഘടിച്ചെത്തിയത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനത്തെ യു.പി.ഭവന് മുന്നില്‍ പ്രതിഷേധിച്ച അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥികളെയും പോലീസ് പിടികൂടി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക