പശുക്കടത്ത്: പെഹ്‍ലുഖാനും മക്കള്‍ക്കുമെതിരായ കുറ്റപത്രം രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി

ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വ വാദികള്‍ അടിച്ചുകൊന്ന പെഹ്‍ലുഖാനും മക്കള്‍ക്കുമെതിരായ കേസിലെ കുറ്റപത്രം രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി. അറക്കാന്‍ ലക്ഷ്യമിട്ട് പശുക്കളെ കടത്തിയെന്നായിരുന്നു പെഹ്‍ലുഖാനും രണ്ട് മക്കള്‍ക്കുമെതിരായ കേസ്. കന്നുകാലി സംരക്ഷണ നിയമം ലംഘിച്ചെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം.
പെഹ്‍ലുഖാനെ അടിച്ചുകൊന്നവരെ വെറുതെവിട്ട നടപടിക്ക് പുറമെ പെഹ്‍ലുഖാനെയും രണ്ട് മക്കളെയും കന്നുകാലി സംരക്ഷണ നിയമപ്രകാരം പ്രതിചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പൊലീസിന്‍റെ ഈ നടപടിക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പെഹ്‍ലുഖാന്‍ കൊല്ലപ്പെട്ടെങ്കിലും കേസില്‍ കുറ്റക്കാരനാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പെഹ്‍ലുഖാന്‍ പുറമെ രണ്ട് മക്കളെയും ട്രക്ക് ഡ്രൈവറെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഈ കേസിലെ കുറ്റപത്രമാണ് രാജസ്ഥാന്‍ ഹൈകോടതി ഇന്ന് റദ്ദാക്കിയത്. ജസ്റ്റിസ് പങ്കജ് ബന്ദാരിയാണ് കുറ്റപത്രം തള്ളിയത്.





