Kerala
HomeNews

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: രവി പൂജാരിയെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഐബിക്ക് കത്തുനല്‍കി

9 Feb 20191 മിനിറ്റ് വായന
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: രവി പൂജാരിയെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഐബിക്ക് കത്തുനല്‍കി

കൊച്ചി: കൊച്ചി കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് ഐബിക്ക് കത്തു നല്‍കി. നടി ലീന മരിയ പോളിന്റെ ബ്യൂട്ടിക്കിലേയ്ക്ക് വെടിയുതിര്‍ത്ത കേസ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ബംഗളൂരുവിലെ ഐബി( കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം) ഓഫീസിന് ക്രൈംബ്രാഞ്ച് കത്ത് കൈമാറിയത്.

മുംബൈ, ബംഗളൂരു ഉള്‍പ്പെടെ 16 ഓളം കേസുകളാണ് രവി പൂജാരിക്കെതിരെയുള്ളത്. പിടികിട്ടാപ്പുള്ളിയായിരുന്ന രവി പൂജാരി സെനഗലിലാണ് അറസ്റ്റിലായത്. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൂജാരിയുടെ പങ്ക് കണ്ടെത്തിയതിനാലാണ് ഇയാളെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഐബിക്ക് കത്ത് നല്‍കിയത്. ക്രൈംബ്രാഞ്ച് നല്‍കിയ കത്ത് ഐബി ഇന്ത്യന്‍ എംബസി വഴി സെനഗലിനു കൈമാറും.

ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് ലീന മരിയയുടെ നെയ്ല്‍ ആര്‍ട്ടിസ്റ്ററി എന്ന ബ്യൂട്ടിക്കിലേയ്ക്ക് വെടിയുതിര്‍ത്തത്. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനായിരുന്നു പ്രാദേശിക ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് രവി പൂജാരിയുടെ പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക