India
HomeNews

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം; ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയില്‍

12 Nov 20191 മിനിറ്റ് വായന
മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം; ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സർക്കാരുണ്ടാക്കാന്‍ മൂന്ന് ദിവസം കൂടി വേണമെന്ന ആവശ്യം നിഷേധിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ഗവർണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്നും ഇന്ന് തന്നെ വാദം കേൾക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

എന്നാല്‍, കേസ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി. ഇന്ന് തന്നെ കേസ് പരിഗണിക്കണമെന്നാണ് ഗവർണർക്കെതിരെ ഹർജി നൽകിയ ശിവസേന സുപ്രീംകോടതി റജിസ്ട്രിയോട് ആവശ്യപ്പെട്ടതെങ്കിലും ഹർജിയിൽ ചില പിഴവുകളുണ്ടെന്ന് റജിസ്ട്രി ചൂണ്ടിക്കാട്ടുകയായിരുന്നു.  ഇതോടെ വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ ഭരണപ്രതിസന്ധി. 

പിഴവുകൾ തിരുത്തി നാളെത്തന്നെ ശിവസേന പുതിയ ഹർജി നൽകും. സർക്കാർ രൂപീകരണത്തിന് സമയം നൽകാത്തതിനെതിരെയായിരുന്നു ഈ ഹർജി. രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിന് ഗവർണർക്കെതിരെ മറ്റൊരു ഹർജിയും സേന നൽകും.

ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധവും ഏകപക്ഷീയവുമാണെന്നും സർക്കാറുണ്ടാക്കാൻ സമയം നിഷേധിച്ച ഗവർണറുടെ തീരുമാനം റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.   

ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകേണ്ടത് നിയമസഭയിലാണെന്ന് നേരത്തെയുള്ള സുപ്രീംകോടതി വിധി കൂടി കൂട്ടിച്ചേര്‍ത്താണ് ശിവസേനയുടെ ഹരജി. ബി.ജെ.പിക്ക് കുതിരക്കച്ചവടത്തിന് അവസരം നൽകുന്ന സമീപനമാണ് ഗവർണർ സ്വീകരിച്ചത് എന്നും ശിവസേന ഹരജിയില്‍ പറയുന്നു.  

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക