ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഉത്തര കടലാസ് വ്യാജമല്ല ;സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കും..

തിരുവനന്തപുരം :യൂണിവേഴ്സിറ്റി കോളജിൽ അക്രമം നടത്തിയ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ ഉത്തരക്കടലാസ് വ്യാജമല്ലെന്നു തെളിഞ്ഞു. സര്‍വകലാശാല കോളജിന് നല്‍കിയ ക്രമനമ്പറില്‍പ്പെട്ടവയെന്ന് സ്ഥിരീകരിച്ചു. സംഭവം സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കും.
വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ എസ്.എഫ്.ഐ നേതാക്കളെ ഇന്ന് കോളജിലെത്തിച്ചു തെളിവെടുക്കും. മുഖ്യപ്രതികളായ ശിവരജ്ഞിത്ത്, നസീം എന്നിവരെയാണ്; കോളജിലെത്തിച്ച് തെളിവെടുക്കുക. അഖില്‍ ചന്ദ്രനെ വധിക്കാന്‍ ശ്രമിച്ച കത്തി കോളജില്‍ നിന്ന് കണ്ടെടുക്കുകയാണ് ലക്ഷ്യം.
എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ തീരുമാനിച്ചിരുന്നതായി വധശ്രമക്കേസിലെ പ്രതികളായ ശിവരജ്ഞിത്തും നസീമും പൊലീസിന് മൊഴി നല്‍കിയിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖില്‍ ചന്ദ്രന്‍ അന്വേഷണ സംഘത്തിന് ഇന്നലെ മൊഴി നല്‍കി. കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വരെ കോളജിന് അവധി നല്‍കിയിരിക്കുകയാണ്.





