Kerala
HomeNews

വീണ്ടും സംസ്ഥാന പോലീസിൽ അഴിച്ചുപണി ക്രിമിനൽ പശ്ചാത്തലമുള്ള എല്ലാ പോലീസുകാരും കുടുങ്ങും:ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഉറച്ച് പിണറായി സർക്കാർ

4 Feb 20191 മിനിറ്റ് വായന
വീണ്ടും സംസ്ഥാന പോലീസിൽ അഴിച്ചുപണി ക്രിമിനൽ പശ്ചാത്തലമുള്ള എല്ലാ പോലീസുകാരും കുടുങ്ങും:ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഉറച്ച് പിണറായി സർക്കാർ

സംസ്ഥാനത്തൊട്ടാകെ 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെ കേരളാ പോലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നതായി സൂചന. ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. 1500 പോലീസുകാർക്കെതിരെ പരാതി ലഭിച്ചതിൽ 1129 പേർക്ക് വിവിധ കേസുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിൽ 387 ഉദ്യോഗസ്ഥർ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നും കണ്ടെത്തിയിരുന്നു.

പട്ടികയിലെ 59 പേർക്കെതിരെ അതീവഗുരുതരമായ കേസുകളാണ് നിലവിലുള്ളത്. സ്ത്രീകൾക്കുും കുട്ടികൾക്കും എതിരായ അതിക്രമം, വധശ്രമം, കൈക്കൂലി, പരാതിയുമായെത്തുന്നവരെ ഉപദ്രവിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഇതിൽ പെടും. ഡിവൈഎസ്പി, സിഐ, എസ്‌ഐ, എഎസ്‌ഐ തുടങ്ങിയ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ലിസ്റ്റിൽ കോൺസ്റ്റബിൾ നിലവാരത്തിലുള്ള പോലീസുകാർക്കെതിരാണ് കൂടുതൽ പരാതി. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് ഇതിനോടകം കാരണം കാണിക്കൽ നോട്ടീസ് നൽകിക്കഴിഞ്ഞു.

നേരത്തെ അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരം താഴ്ത്തിയിരുന്നു. ആദ്യമായാണ് ഇത്രയും പേരെ ഒന്നിച്ചു തരം താഴ്ത്തുന്നത്‌. കൂടാതെ സസ്പെന്‍ഷനടക്കം ശിക്ഷാനടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് തടയാനുള്ള നിയമഭേദഗതിയും നിലവില്‍വന്നിരുന്നു. ഇതിനായി കേരള പോലീസ് നിയമത്തിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക