മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ശനിയാഴ്ച..

മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്നു യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ടതായി എന്‍സിപി നേതാവ് ശരദ് പവാര്‍ വെള്ളിയാഴ്ച വൈകിട്ട് മുംബൈയില്‍ പറഞ്ഞു.
സര്‍ക്കാര്‍പ്രഖ്യാപനം ഇന്നുണ്ടാവില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച തീരുമാനം നാളെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കും. നാളെ മൂന്ന് പാര്‍ട്ടികളും പത്രസമ്മേളനം നടത്തും. ഗവര്‍ണറെ എപ്പോള്‍ സമീപിക്കണമെന്ന് നാളെ തീരുമാനിക്കുമെന്ന് ശരദ്പവാര്‍ പറഞ്ഞു.
മതേരത്വവും കാര്‍ഷിക ആശ്വാസവും മുഖ്യമായുള്ള പൊതുമിനിമം പരിപാടി, ഉപമുഖ്യമന്ത്രിമാര്‍, മന്ത്രിമാരുടെ വകുപ്പുകള്‍, എണ്ണം, മറ്റു പദവികള്‍ തുടങ്ങിയവ സംബന്ധിച്ചും ശനിയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
എന്‍സിപിക്ക് 14, കോണ്‍ഗ്രസ് 12 മന്ത്രിമാരെന്ന ആവശ്യത്തിനു ശിവസേന വഴങ്ങിയിട്ടുണ്ട്. രണ്ടു ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും.
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസം ആകുമ്ബോഴും സര്‍ക്കാര്‍ രൂപീകരണം നടന്നിട്ടില്ല. 105 സീറ്റുള്ള ബി.ജെ.പിയും 56 സീറ്റുള്ള ശിവസേനയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തെറ്റിയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയത്. ഇതോടെ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയായിരുന്നു.





