Kannur
ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ വൈകരുത്
17 Aug 20231 മിനിറ്റ് വായന
കണ്ണൂർ:(www.payangadilive.in)ജനനവും മരണവും യഥാസമയം രജിസ്റ്റർ ചെയ്യുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ ബോധവൽക്കരണം നടത്തണമെന്ന് ജനന, മരണ രജിസ്ട്രേഷൻ ജില്ലാതല കോ ഓഡിനേഷൻ കമ്മിറ്റി യോഗം നിർദേശിച്ചു. 13 തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ കഴിഞ്ഞ വർഷം 20 മുതൽ 29 ശതമാനംവരെ ജനന മരണ രജിസ്ട്രേഷൻ വൈകിയാണ് നടത്തിയതെന്ന് തദ്ദേശ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. ജനനവും മരണവും സംഭവദിവസം മുതൽ 21 ദിവസത്തിനകം പ്രാദേശിക രജിസ്ട്രേഷൻ യൂണിറ്റിൽ റിപ്പോർട്ട് ചെയ്യണം. നിശ്ചിത ദിവസം കഴിഞ്ഞാൽ സംഭവദിവസം മുതൽ 30 ദിവസംവരെ രണ്ടു രൂപ പിഴയൊടുക്കി രജിസ്റ്റർ ചെയ്യാം. കുട്ടിയുടെ പേര് ചേർക്കാതെ രജിസ്റ്റർ ചെയ്ത ജനനങ്ങളിൽ ഒരു വർഷത്തിനകം സൗജന്യമായും അതിനുശേഷം അഞ്ച് രൂപ ലേറ്റ് ഫീ ഒടുക്കിയും പേര് ചേർക്കാം.
കഴിഞ്ഞ വർഷം ജില്ലയിൽ 36057 (18309 ആൺ, 17748 പെൺ) ജനന രജിസ്ട്രേഷനും 24734 (13180 ആൺ, 11554 പെൺ) മരണ രജിസ്ട്രേഷനും 175 നിർജീവ ജനനവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ജനനം രജിസ്റ്റർ ചെയ്തത് തലശേരി നഗരസഭയിലും- 6720, മരണം രജിസ്റ്റർ ചെയ്തത് കണ്ണൂർ കോർപറേഷനിലുമാണ്.- 3443.
യോഗത്തിൽ അസി. കലക്ടർ അനൂപ് ഗാർഗ് അധ്യക്ഷനായി. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി എം ധനീഷ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ വി പ്രേമരാജൻ എന്നിവർ സംസാരിച്ചു.





