50-50 ഫോര്‍മുലയില്‍ നിന്ന് ബിജെപി പിന്നോട്ടുപോയാല്‍ സര്‍ക്കാറുണ്ടാക്കാന്‍ വേറെ വഴി നോക്കും: ബിജെപി - ശിവസേന തർക്കം മൂർച്ഛിക്കുന്നു

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രുപീകരണത്തിൽ ബിജെപി - ശിവസേന തർക്കം മൂർച്ഛിക്കുന്നു. മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്ന കടുത്ത നിലപാടിലാണ് ശിവസേന. എന്നാൽ ശിവസേനയുടെ ആവശ്യത്തിന് വഴങ്ങരുതെന്ന നിലപാടിലാണ് ബിജെപി. 50-50 ഫോര്‍മുലയില്‍ നിന്ന് ബിജെപി പിന്നോട്ടുപോയാല്‍ സര്‍ക്കാറുണ്ടാക്കാന്‍ വേറെ വഴി തേടുമെന്ന നിലപാടിലാണ് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ.
അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള മറ്റുവഴികളെ കുറിച്ച് വിശദീകരിക്കാന്‍ ഉദ്ധവ് തയ്യാറായില്ല. എന്നാൽ, അമിത് ഷാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ 50-50 ഫോര്‍മുല കാര്യത്തിൽ ഉറപ്പ് തന്നിട്ടുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബുധനാഴ്ച ബിജെപി നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതിന് മുൻപ് ദേശീയ നേതൃത്വം ഉദ്ദവ് താക്കറെയുമായി ചർച്ച നടത്തിയേക്കും.
മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പങ്കിട്ടെടുക്കണമെന്നും ഇക്കാര്യം രേഖമൂലം ഉറപ്പ് തരണമെന്നുമാണ് ശിവസേനയുടെ നിലപാട്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറുടെ വസതിയായ മാതോശ്രീയില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ശിവസേന ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 122 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇക്കുറി 105 സീറ്റുകള്‍ മാത്രമാണ് നേടിയെടുക്കാനായത്. കഴിഞ്ഞ തവണ 63 സീറ്റുകള്‍ നേടിയ ശിവസേനയ്ക്ക് ഇക്കുറി 56 സീറ്റുകളുണ്ട്. അതേസമയം, മുന്നണി വിട്ട് വന്നാൽ ശിവസേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രി പദത്തില്‍ അവകാശമുന്നയിക്കാന്‍ ശിവസേനയ്ക്ക് അധികാരമുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു. മുഖ്യമപദം പങ്കിടാന്‍ ബിജെപി തയ്യാറാവാത്ത പക്ഷം ശിവസേനയെ എന്‍സിപിയും പിന്തുണച്ചേക്കും.





