India
HomeNews

ജമ്മു കശ്മീർ ബ്ലോക്ക് കൗൺസിൽ തിരഞ്ഞെടുപ്പ്;  307 സീറ്റിൽ 217 ഉം സ്വന്തമാക്കിയത് സ്വതന്ത്ര സ്ഥാനാർഥികൾ

25 Oct 20191 മിനിറ്റ് വായന
ജമ്മു കശ്മീർ ബ്ലോക്ക് കൗൺസിൽ തിരഞ്ഞെടുപ്പ്;  307 സീറ്റിൽ 217 ഉം സ്വന്തമാക്കിയത് സ്വതന്ത്ര സ്ഥാനാർഥികൾ

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് രണ്ടര മാസത്തിന് ശേഷം ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിലിലേക്ക് (ബി.ഡി.സി) നടന്ന തിരഞ്ഞെടുപ്പിൽ 307 സീറ്റിൽ 217 ഉം സ്വന്തമാക്കിയത് സ്വതന്ത്ര സ്ഥാനാർഥികൾ. പിഡിപിയും നാഷണൽ കോൺഫറൻസും ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബഹിഷ്കരിച്ച തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത്‌ 81 സീറ്റ് മാത്രമാണ്.

ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 98.3 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 316 ൽ 307 ബ്ലോക്കുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് ഒരു സീറ്റും ജമ്മു കശ്മീർ പാന്തേഴ്സ് പാർട്ടി എട്ട് സീറ്റുകളും സ്വന്തമാക്കി. ഇത്തവണ കോൺഗ്രസും ബഹിഷ്കരിക്കാൻ തീരുമാനിച്ചെങ്കിലും രണ്ടു പേർ പത്രിക നൽകി. ഇതിൽ ഒരാളുടേത് തള്ളുകയും ചെയ്തു. 27 ബ്ലോക്കുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിക്കുകയായിരുന്നു. ലഡാക്കിൽ 31ൽ 20 സീറ്റും ജയിച്ചത് സ്വതന്ത്രരാണ്. 11 സീറ്റുകൾ ബി.ജെ.പിക്കാണ് ലഭിച്ചത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പും നാഷണൽ കോൺഫറൻസും പിഡിപിയും ബഹിഷ്കരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റർ സന്ദേശത്തിൽ അഭിനന്ദിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക