പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ നടക്കും. കോര്‍പറേറ്റ് നികുതി കുറച്ചതും ഇ സിഗരറ്റ് നിരോധനവും ഉള്‍പ്പടെയുള്ള ഓര്‍ഡിനന്‍സുകള്‍ ബില്ലുകളായി പാര്‍ലമെന്‍റിലെത്തുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതിരുന്ന നിരവധി ബില്ലുകളും സര്‍ക്കാര്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ കാര്യപരിപാടികള്‍ തീരുമാനിക്കുന്നതിനായി കഴിഞ്ഞ ആഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ വസതിയില്‍ പാര്‍ലമെന്‍ററികാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന സാന്പത്തിക മാന്ദ്യവും ജമ്മു കാഷ്മീര്‍ വിഷയങ്ങളും ഉന്നയിച്ച് ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കും.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യം ചേര്‍ന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ നിരവധി ബില്ലുകളാണ് പാസാക്കിയത്. 37 ദിവസം ചേര്‍ന്ന ലോക്സഭയില്‍ മുത്തലാക്ക് ബില്ല്, ജമ്മു കാഷ്മീര്‍ പുനരേകീകരണ ബില്‍ എന്നിവ അടക്കം 36 ബില്ലുകളാണ് പാസായത്.





