സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമത്തിന് ജനുവരി 15 ഓടെ അന്തിമരൂപം: കേന്ദ്രസർക്കാർ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമത്തിന് ജനുവരി 15 ഓടെ അന്തിമരൂപമാകുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവേയാണ് അറ്റോർണി ജനറൽ വിവരം ബോധിപ്പിച്ചത്.
തീവ്രവാദികൾക്കും, ക്രിമിനലുകൾക്കും സാമൂഹിക മാധ്യമങ്ങൾ വഴി സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഒരുക്കാൻ സാധ്യമല്ലെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. തീവ്രവാദം ഉൾപ്പടെ ഉള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ അവരുടെ പ്ലാറ്റ്ഫോമുകൾ കേന്ദ്ര സർക്കാരിന് പ്രാപ്യം ആക്കണം.
ആരുടെയും സ്വകാര്യതയിലേക്ക് കടന്ന് കയറാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ രാജ്യ സുരക്ഷ ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യാൻ കഴിയില്ല. സർക്കാരുമായി സഹകരിക്കില്ലായിരുന്നുവെങ്കിൽ സാമൂഹിക മാധ്യമങ്ങൾ ഇന്ത്യയിലേക്ക് വരരുതായിരുന്നുവെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിനെ ആധാറുമായി ബന്ധിപ്പിക്കണം എന്നും, സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉൾപ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലിരിക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെ ആണ് അറ്റോർണി ജനറൽ കോടതിയിൽ നിലപാട് അറിയിച്ചത്. ഐ ടി ആക്ടിന്റെ 69 ആം വകുപ്പിന്റെ ഭേദഗതിയോടെ സമൂഹ മാധ്യമങ്ങളിൽ നിന്ന് വിവരങ്ങൾ ചോർത്താൻ സർക്കാർ ഏജൻസികൾക്ക് നിയമപരമായ അധികാരം ഉണ്ട്. അതിനാൽ തന്നെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാമൂഹിക മാധ്യമങ്ങൾക്ക് സർക്കാരുമായി വിവരങ്ങൾ പങ്ക് വയ്ക്കില്ലെന്ന് പറയാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.





