India
HomeNews

ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു..

22 Jul 20191 മിനിറ്റ് വായന
ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു..

ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്. 

വിക്ഷേപണം കാണാനെത്തിയിരിക്കുന്നത് 7500 ഓളം പേര്‍. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു. 

നേരത്തെ ചന്ദ്രയാന്‍ രണ്ടിന്റെ ആദ്യം നിശ്ചയിച്ചിരുന്ന വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചിരുന്നു. ജൂലായ് 15 പുലര്‍ച്ചെ 2.51ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് സാങ്കേതികത്തകരാര്‍ കാരണം മാറ്റിവച്ചത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെയായിരുന്നു അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിയത്. എന്നാല്‍ ഇത്തവണ നേരത്തെ കണ്ടെത്തിയിരുന്ന സാങ്കേതിക തകരാറുകള്‍ പൂര്‍ണമായും പരിഹരിച്ചതിനു ശേഷമാണ് വിക്ഷേപണം തീരുമാനിച്ചത്. 

ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജി.എസ്.എല്‍.വിയുടെ മാര്‍ക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്‌സല്‍ ജൂലൈ 20ന് പൂര്‍ത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. 

ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയാണ് 2008 ഒക്ടോബറില്‍ ചന്ദ്രയാന്‍ 1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വര്‍ഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയാകുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക